അമലഭാരതം പദ്ധതി
മനോഹരമായ ഈ ഭൂമിയോടും പ്രകൃതിയോടും മനുഷ്യനുള്ള കടപ്പാടിനെ സംബന്ധിച്ച തിരിച്ചറിവാണു ശ്രീ മാതാ അമൃതാനന്ദമയീ ദേവി വിഭാവനം ചെയ്ത ഈ പദ്ധതിയുടെ സാമൂഹികാടിസ്ഥാനം. ഭാരതത്തെ മാലിന്യമുക്തമാക്കാനും ശുചിത്വത്തിന്‍റെ അടിസ്ഥാനത്തില്‍ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനും മാലിന്യസംസ്‌കരണം, മലിനീകരണനിവാരണം എന്നിവയ്ക്കായി പുത്തന്‍ പ്രായോഗികനടപടികള്‍ കൈക്കൊള്ളുന്നതിനും ശുചിത്വപാലനത്തെ സംബന്ധിച്ച ബോധം ജനഹൃദയങ്ങളിലെത്തിക്കുന്നതിനുമാണു് അമലഭാരതം പദ്ധതി ലക്‌ഷ്യമിടുന്നതു്.
ഭൂമിയെ മലിനപ്പെടുത്തുന്നതു സ്വന്തം രക്തത്തില്‍ വിഷം കലര്‍ത്തുന്നതുപോലെയാണു്. പെറ്റമ്മയെപ്പോലെതന്നെ മനുഷ്യന്‍ കടപ്പെട്ടിരിക്കുന്ന പോറ്റമ്മയായ ഭൂമിയുടെ താരാട്ടിനു നാം പകരമേകുന്നതു ചരമഗീതമാകാന്‍ പാടില്ല. അമ്മയുടെ വാക്കുകളില്‍ പറഞ്ഞാല്‍ “വെട്ടുമ്പോഴും വെട്ടുന്നവനു തണല്‍ നല്കുന്ന മരംപോലെ പ്രകൃതി ഇപ്പോഴും നമ്മെ സംരക്ഷിക്കുകയും അഭയമേകുകയും ചെയ്യുന്നു. പക്ഷേ, മറ്റുള്ള ഏതു കടപ്പാടിനെക്കാളും ഭാരിച്ചതു നമുക്കു വരുംതലമുറയോടുള്ള താണു് എന്നതു മറന്നുകൂടാ. സന്താനങ്ങളോടുള്ള ഉത്തരവാദിത്വത്തില്‍നിന്നും ഒളിച്ചോടുവാന്‍ നമുക്കാവുകയില്ല. അതുകൊണ്ടുതന്നെ നാം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വൈകിയെങ്കിലും നാം നമ്മുടെ കടമകളെ തിരിച്ചറിയേണ്ടതുണ്ടു്. സ്നേഹത്തോടും കാരുണ്യത്തോടുമുള്ള പരിചരണം ഭൂമിക്കു് ഇന്നാവശ്യമാണു്. ഭൂമിയില്‍ ജീവന്‍ നിലനില്ക്കണമെങ്കില്‍ മനുഷ്യവംശം ഇല്ലാതാവണമെന്ന സ്ഥിതി വന്നുകൂടാ. ഉണ്ണാനും ഉറങ്ങാനും മറക്കാത്തതുപോലെ ഇക്കാര്യവും നാം വിസ്മരിക്കാന്‍ പാടില്ല.”
മറ്റു പല മേഖലകളിലും അഭൂതപൂര്‍വ്വമായ നേട്ടം കൈവരിക്കുന്ന ഭാരതത്തെ വൃത്തിയില്ലായ്മയും പരിസരശുചത്വമില്ലായ്മയും ഇന്നും ലോകദൃഷ്ടിയില്‍ പ്രാകൃതമാക്കുന്നു. രാജ്യാന്തരബന്ധങ്ങള്‍ക്കായി നാം ചെലവഴിക്കുന്ന തുക ഭീമമാണു്എന്നിരിക്കെ, പരിസരശുചിത്വമില്ലായ്മയിലൂടെ വിദേശജനത നമ്മെ അകറ്റി നിര്‍ത്തുന്ന അവസ്ഥ നാംതന്നെ സൃഷ്ടിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ. മാതൃരാജ്യത്തോടു കടപ്പാടും സ്നേഹവുമുള്ള ഒരു പൗരനും ഭാരതം ഇന്നു നേരിടുന്ന വൃത്തിയില്ലായ്മ എന്ന മഹാരോഗത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനായി യത്നിക്കാതിരിക്കാനാവില്ല. അതുകൊണ്ടുതന്നെ ഓരോ ഭാരതപൗരനും നിത്യജീവിതത്തിലെ വൃത്തി സ്വയം ആചരിക്കുകയും സാമൂഹികമായ വൃത്തിക്കുവേണ്ടി സഹകരിക്കുകയും യത്നിക്കുകയും ചെയ്യേണ്ടതു് അത്യാവശ്യമാണു്.’
വൃത്തിയുടെ ആചരണവും അതുവഴിയുള്ള ആരോഗ്യപാലനവും ഓരോ ഭാരതീയനെയും സംബന്ധിച്ചു് ജന്മനാടിനോടുള്ള കടപ്പാടാണു്, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധമാണു്, വരുംതലമുറയോടുള്ള ഒഴിച്ചുകൂടാനാവത്ത ഉത്തരവാദിത്വമാണു്. ഇതു് ഓരോ മനുഷ്യനെയും സംബന്ധിച്ചു് അവനവന്‍റെതന്നെ ധര്‍മ്മമാണു്. മാതാ അമൃതാനന്ദമയീമഠം ബൃഹത്തായ പ്രവര്‍ത്തനങ്ങളിലൂടെ ലക്‌ഷ്യമാക്കുന്നതു്, യഥാര്‍ത്ഥത്തില്‍ സുവ്യക്തമായ വൃത്തി — ശുചിത്വബോധത്തിന്‍റെ അടിസ്ഥാനത്തിലെ മാലിന്യമുക്തമായ ഭാരതത്തെയാണു്.
പ്രകൃതിയെ സംരക്ഷിക്കുകയെന്നത് മനുഷ്യന് പ്രകൃതിയോടുള്ള ധര്‍മ്മമല്ല , മറിച്ച് അവനോടുതന്നെയുള്ള ധര്‍മ്മമാണ്. കാരണം മനുഷ്യന്‍റെ നിലനില്പുതന്നെ പ്രകൃതിയെ ആശ്രയിച്ചാണിരിക്കുന്നത്.
മലിനീകരണം ഒരാഗോളപ്രശ്‌നമാണെങ്കിലും, ചപ്പുചവറുകള്‍ വലിച്ചെറിയുക പാതയോരങ്ങളിലും ജലാശങ്ങള്‍ക്കരികിലും മലമൂത്രവിസര്‍ജ്ജനം ചെയ്യുക തുടങ്ങിയവകൊണ്ടുള്ള പ്രശ്‌നങ്ങള്‍ ഏറ്റവും ഗുരുതരമായിത്തീര്‍ന്നിരിക്കുന്നത് ഒരുപക്ഷെ ഭാരതത്തിലാണ്. നമ്മുടെ കുഞ്ഞുങ്ങളോട് സ്‌നേഹമുണ്ടെങ്കില്‍, നമ്മുടെ രാജ്യത്തോട് സ്‌നേഹമുണ്ടെങ്കില്‍ നമ്മുടെ ശരീരത്തിന്റെ ആരോഗ്യം നില നിര്‍ത്തണമെങ്കില്‍ നാം ഉണരണം, ഉണര്‍ന്നേ പറ്റുകയുള്ളൂ.
മാലിന്യങ്ങളില്‍ മുങ്ങിമരിച്ചുക്കൊണ്ടിരിക്കുന്ന ഭാരതാംബികയെ രക്ഷിക്കാന്‍ മഹത്തായ സങ്കല്പത്തോടെ അമ്മ ശ്രീ മാതാ അമൃതാനന്ദമയീ ദേവി വിഭാവനം ചെയ്ത പദ്ധതിയാണ് അമലഭാരതം. ഈ നാടിന്റെ ശുചിത്വവും ആരോഗ്യവും വീണ്ടെടുക്കാന്‍ വേണ്ടി എല്ലാ പൗരന്മാരും ഒത്തൊരുമിച്ചുള്ള ഒരു മഹായജ്ഞമാണിത്. ഹൃദയപൂര്‍വ്വം ഇതിനെ സ്വാഗതം ചെയ്ത് അവരവരാല്‍ കഴിയുന്ന വിധത്തില്‍ ഇതിന്റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ അപേക്ഷിക്കുന്നു.