ഭാരതം സുന്ദരമാക്കൂ

മക്കളേ, മനോഹരമായ ഈ ഭൂമിയോടും പ്രകൃതിയോടും മനുഷ്യരായ നമ്മള്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. ഇതിന്‍റെ പവിത്രതയും സൗന്ദര്യവും കാത്തു സൂക്ഷിക്കേണ്ടതു നമ്മുടെ ഓരോരുത്തരുടെയും ധര്‍മ്മമാണു്.

ഭൂമി നമുക്ക് വായുവും ജലവും ആഹാരവും നല്കുന്നു. ജീവിക്കാന്‍ ഇടമൊരുക്കി തരുന്നു. നമ്മള്‍ ചെയ്യുന്ന എല്ലാ തെറ്റുകളും അധര്‍മ്മങ്ങളും ക്ഷമിച്ചു നമ്മെ കാത്തുരക്ഷിക്കുന്നവളാണു ഭൂമി. അങ്ങനെ നോക്കുമ്പോള്‍ തീര്‍ച്ചയായും ഭൂമി നമുക്കു് അമ്മയാണു്. പെറ്റമ്മ രണ്ടു വയസ്സുവരെ മടിയില്‍ ചവിട്ടാന്‍ നമ്മെ അനുവദിക്കുമെങ്കില്‍ ഭൂമാതാവു് ആയുഷ്‌കാലം മുഴുവന്‍ നമ്മുടെ പാദസ്പര്‍ശം പൊറുത്തു നമ്മെ പരിപാലിക്കുന്നു. അതു കൊണ്ടു്, നമ്മുടെ ശരീരം സംരക്ഷിക്കുന്ന അതേ ശ്രദ്ധയോടും ശുഷ്‌ക്കാന്തിയോടും ഈ ഭൂമിയെയും പ്രകൃതിയെയും നമ്മള്‍ പരിപാലിക്കണം. ഭൂമിയെ മലിനപ്പെടുത്തുന്നതു സ്വന്തം രക്തത്തില്‍ വിഷം കലര്‍ത്തുന്നതിനു തുല്യമാണു്. ആ ബോധം നമുക്കുണ്ടാകണം.

വൃത്തിയില്ലായ്മയുടെ പേരില്‍ വിദേശികള്‍ നമ്മുടെ രാജ്യത്തെ കളിയാക്കുന്നതു കുറച്ചൊന്നുമല്ല. വിദേശപത്രമാസികകളിലും ചാനലുകളിലും നമ്മുടെ റോഡുകളെക്കുറിച്ചും പൊതുസ്ഥലങ്ങളെക്കുറിച്ചും വിമര്‍ശിച്ചു കാണുമ്പോള്‍ വല്ലാത്ത വിഷമം തോന്നുന്നു.

നമ്മുടെ ഭാരതം ആണവശക്തിയാണു്. നമ്മുടെ രാജ്യം സാമ്പത്തികമേഖലയിലും ശാസ്ര്തസാങ്കേതികവിദ്യയിലും മുന്നേറുന്നു. എന്നാല്‍ വൃത്തിയില്ലായ്മയും പരിസരശുചിത്വം ഇല്ലായ്മയും കൊണ്ടു് ഇപ്പോഴും കിടക്കപ്പായില്‍ത്തന്നെ മൂത്രമൊഴിക്കുന്ന കുഞ്ഞിന്റെ അവസ്ഥയാണു നമ്മുടെതു്.

നാം വിദേശീയരുടെ വസ്ര്തധാരണരീതിയെയും ഭക്ഷണരീതിയെയും സമ്പ്രദായങ്ങളെയും അനുകരിക്കാറുണ്ടു്. പക്ഷേ, എന്തുകൊണ്ടു വിദേശീയരുടെ പരിസരശുചിത്വത്തെ നാം അനുകരിക്കുന്നില്ല! വഴിയില്‍ തുപ്പുകയും മൂത്രമൊഴിക്കുകയും ചെയ്യുന്നതുകൊണ്ടും പൊതുസ്ഥലങ്ങളിലെ മൂത്രപ്പുരകളും കക്കൂസും വൃത്തിയാക്കാതിരിക്കുന്നതുകൊണ്ടും എത്രയെത്ര രോഗങ്ങളാണു നാം വിളിച്ചുവരുത്തുന്നതു്.

അമ്മയ്ക്കു പറയാന്‍ ഒന്നേയുള്ളൂ, നമ്മുടെ ജനങ്ങള്‍ക്കും നാടിനും ഹാനികരമായ ഇത്തരം ശീലങ്ങള്‍ ഇല്ലാതാക്കാന്‍ നാം ആത്മാര്‍ത്ഥതയോടെ പ്രയത്സിക്കണം. ജനിച്ച നാടിന്റെ ആത്മാഭിമാനത്തെ കുത്തിനോവിക്കുന്നതു കാണുമ്പോള്‍ നമ്മുടെ ഹൃദയം വേദനിക്കണം. ഇന്നത്തെ ഈ അവസ്ഥയെ മാറ്റിയെടുക്കാന്‍ ആത്മാര്‍ത്ഥമായി പ്രയത്സിക്കുമെന്നു മക്കള്‍ പ്രതിജ്ഞയെടുക്കണം.

പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങളും ഉപയോഗശൂന്യ വസ്തുക്കളും വലിച്ചെറിയരുതു്, മൂത്രമൊഴിക്കരുതു്, തുപ്പരുതു്. മൂക്കുപിഴിയുമ്പോള്‍ ചെയ്യുന്നതുപോലെ തുപ്പുമ്പോഴും ഒരു ടവ്വല്‍ ഉപയോഗിക്കണം. എന്നിട്ടു് അതു പോക്കറ്റില്‍ കരുതുക. പിന്നീടു കഴുകിയെടുത്തു നമുക്കു വീണ്ടും അതു് ഉപയോഗിക്കുകയും ചെയ്യാം.

വൃത്തിയില്ലായ്മയുടെ പേരില്‍ അന്യരാജ്യങ്ങളുടെ മുന്‍പില്‍ നമ്മളിനിയും നാണം കെടരുതു്. വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതു് ഒരു യജ്ഞമായി കരുതണം. ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്നതുപോലെ, പരിസരശുചീകരണവും നിത്യജീവിതത്തിന്റെ ഭാഗമാകണം. ശരീരം വൃത്തിയായി സൂക്ഷിക്കാന്‍ ദിവസവും കുളിക്കുന്നതുപോലെ, സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുന്നതുപോലെ നമ്മുടെ നാടിന്‍റെ ശരീരഭാഗങ്ങളായ റോഡുകളും പൊതുസ്ഥലങ്ങളും വൃത്തിയായും ഭംഗിയായും സൂക്ഷിക്കാന്‍ നാം ശ്രദ്ധിക്കണം. അതൊരു വ്രതമായി കാണണം. ജനങ്ങളും ഗവമെന്‍റും മറ്റു സംഘടനകളും ഒത്തുചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഈ യജ്ഞം തീര്‍ച്ചയായും ഫലവത്താകും.

ഭാരതത്തിന്റെ സൗന്ദര്യവും സംസ്‌കാരവും തേടിയെത്തുന്ന വിനോദസഞ്ചാരികളെ സ്വീകരിക്കാനായി സുന്ദരികളായ സ്ത്രീകളെ ഒരുക്കി നിര്‍ത്താറുണ്ടു്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സുന്ദരിയായ നമ്മുടെ ഭാരതാംബ ഇപ്പോള്‍ കുഷ്ഠരോഗിയെപ്പോലെയായിത്തീര്‍ന്നിരിക്കുന്നു. ആ ഭാരതാംബയുടെ സൗന്ദര്യവും ആരോഗ്യവുമാണു നാം വീണ്ടെടുക്കേണ്ടതു്.

പാല്‍പ്പായസമാണെങ്കിലും വൃത്തിയില്ലാത്ത ഗ്ലാസ്സില്‍ നല്കിയാല്‍ ആരും കുടിക്കില്ല. അഴുക്കു നിറഞ്ഞ പ്രദേശങ്ങള്‍ ആരെയും ആകര്‍ഷിക്കില്ല. വീട്ടില്‍ ഒരു അതിഥി വരുമ്പോള്‍ വീടും പരിസരവും നാം എത്ര വൃത്തിയാക്കി വയ്ക്കുമോ അതുപോലെ നമ്മുടെ നാടിനെയും വൃത്തിയാക്കി വയ്ക്കണം.

ഒരു വീപ്പ വച്ചു് അതില്‍ മാലിന്യങ്ങള്‍ നിക്ഷേപിപ്പിച്ചു്, അവ സൈക്കിളില്‍ എടുത്തുകൊണ്ടുപോയി സംസ്‌കരിച്ചു വളമാക്കാം. തുപ്പാന്‍ തോന്നുമ്പോള്‍, ടവ്വല്‍ ഉപയോഗിക്കുന്നതോടെ പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതും കുറയും. ഇങ്ങനെ വരുമ്പോള്‍ ഒരു വര്‍ഷംകൊണ്ടുതന്നെ നമുക്കു പരിസരമലിനീകരണം കുറയ്ക്കുവാന്‍ സാധിക്കും.

ഇതു മഠത്തിന്‍റെ മാത്രം പദ്ധതിയാണെന്നു മക്കള്‍ കരുതരതു്. എല്ലാവരുടെയും പദ്ധതിയായിത്തീരണം. ഇതു നമ്മുടെ ഓരോരുത്തരുടെയും ആവശ്യമാണു്. ജനിച്ച നാടിന്‍റെയും നമ്മുടെ സമൂഹത്തിന്‍റെയും ആവശ്യമാണു്. ഭൂമിയുടേയും പ്രകൃതിയുടേയും ആവശ്യമാണു്. അതിനാല്‍ നമ്മുടെ കുഞ്ഞുങ്ങളോടു സ്നേഹമുണ്ടെങ്കില്‍ നമ്മുടെ രാജ്യത്തോടു സ്നേഹമുണ്ടെങ്കില്‍ സ്വന്തം ആരോഗ്യകാര്യത്തില്‍ ശ്രദ്ധയുണ്ടെങ്കില്‍ നമ്മള്‍ ഓരോരുത്തരും ഉണരണം. ഉണര്‍ന്നേ പറ്റൂ… അതിനുള്ള കൃപയ്ക്കായി നമുക്കു പരമാത്മാവിനോടു പ്രാര്‍ത്ഥിക്കാം.

(അമലഭാരതം പദ്ധതിക്കായി അമ്മ നല്കിയ സന്ദേശം)

Leave a Reply