നിങ്ങള്‍ പുതിയൊരു മാറ്റത്തിനു തുടക്കം കുറിച്ചിരിക്കുന്നു
(അമല ഭാരതം പ്രവര്‍ത്തകര്‍ക്കായി ഫ്രാന്‍സില്‍ നിന്നും അമ്മ അയച്ച സന്ദേശം 5/11/2010 )
ഓം നമഃശിവായ
ഓമന മക്കളേ,
നിസ്സ്വാര്‍ത്ഥമനോഭാവത്തോടെ മക്കള്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കണ്ടപ്പോള്‍ സന്തോഷംകൊണ്ടു് അമ്മയുടെ ഹൃദയം നിറഞ്ഞു. ഓടിവന്നു് എല്ലാ മക്കളെയും കെട്ടിപ്പിടിക്കണമെന്നു തോന്നി. ഈ മാതൃക നമ്മുടെ നാടിനു പുതിയൊരുണര്‍വു പകര്‍ന്നു നല്കും എന്നു് അമ്മ വിശ്വസിക്കുന്നു.
മറ്റുള്ളവരുടെ പാതയിലെ മുള്ളെടുത്തു് മാറ്റുന്നവരാണു സ്വന്തം പാതയില്‍ പുഷ്പം വിടര്‍ത്തുന്നതു്. അമ്മ പറയാറില്ലേ, നമ്മള്‍ ഒറ്റപ്പെട്ട ദ്വീപുകളല്ല. ഒരു ശൃംഖലയുടെ കണ്ണികളാണു്. നമ്മള്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരെ സ്വാധീനിക്കും. അതു കൊണ്ടു മറ്റുള്ളവര്‍ക്കു മാറ്റമുണ്ടായിട്ടു നമ്മള്‍ മാറാനിരിക്കരുതു്. എന്നാല്‍, നമ്മളില്‍ മാറ്റമുണ്ടായാല്‍, മറ്റുള്ളവര്‍ തനിയെ മാറും.
മക്കളേ, ഈ കര്‍മ്മത്തിലൂടെ നിങ്ങള്‍ പുതിയൊരു മാറ്റത്തിനു തുടക്കം കുറിച്ചിരിക്കുകയാണു്. മഹത്തായൊരു സംസ്‌കാരത്തിന്‍റെ വിത്തുകള്‍ നിങ്ങള്‍ വിതച്ചിരിക്കുകയാണു്. ആത്മസമര്‍പ്പണത്തോടും ആത്മാര്‍ത്ഥതയോടും നിങ്ങള്‍ നടത്തിയ ഈ മഹായജ്ഞം തീര്‍ച്ചയായും മറ്റുള്ളവര്‍ക്കു പ്രചോദനമാകും. ഇന്നു മക്കള്‍ ചെയ്ത ഈ നല്ല കര്‍മ്മം നാളെയുടെ കണ്ണീരൊപ്പാന്‍ തീര്‍ച്ചയായും സഹായിക്കും. നമ്മുടെ നാടിന്‍റെ വൃത്തിയും സൗന്ദര്യവും പരിശുദ്ധിയും വീണ്ടെടുക്കാന്‍ ഇതു പ്രയോജനപ്പെടും. ജന്മഭൂമിയെ സേവിക്കാന്‍, നിങ്ങള്‍ക്കും നാടിനും നന്മ വരുത്തുന്ന കര്‍മ്മങ്ങള്‍ ചെയ്യുവാന്‍, പരമാത്മാവു മക്കള്‍ക്കു ശക്തി തരട്ടെ എന്നു് അമ്മ സമര്‍പ്പിക്കുന്നു …
അമ്മയുടെ എല്ലാ പൊന്നോമനമക്കള്‍ക്കും ഹൃദയം നിറഞ്ഞ വാത്സല്യ ഉമ്മ…