മുതിര്‍ന്നവരുടെ തെറ്റായ പ്രവൃത്തികളിലൂടെ ഭാവിയില്‍ പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതത്തിന്റെ ഭവിഷ്യത്തു് അനുഭവിക്കേണ്ടതു് ഇന്നത്തെ ഇളം തലമുറയാണു്. അതിനാല്‍ ശുചിത്വബോധത്തിന്‍റെയും പരിസരശുചിത്വത്തിന്‍റെയും അനിവാര്യതയെക്കുറിച്ചു മുതിര്‍ന്ന തലമുറയെ ബോധവത്കരിക്കുന്നതിന്‍റെ ഭാഗമായി അമൃതവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ശിശുദിനം ശുചിത്വദിനമായി ആചരിക്കുന്നു.

അമലഭാരതം ശുചിത്വദിനാചരണത്തിന്‍റെ ഭാഗമായി നവംബര്‍ 15ന് തിങ്കളാഴ്ച വിദ്യാര്‍ത്ഥികള്‍ ശുചിത്വദിനറാലി നടത്തും. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതിലൂടെയും മറ്റും ഉണ്ടാകുന്ന പരിസരമലിനീകരണവും അതുമൂലം ഉണ്ടാകുന്ന പകര്‍വ്വവ്യാധികളെയും ഭവിഷ്യത്തുകളെയും കുറിച്ചു പൊതുജനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതിന്‍റെ ഭാഗമായി, സംസ്ഥാനത്തെ ബസ്സ്റ്റാന്‍ഡുകളിലെ യാത്രക്കാര്‍ക്കു് അമൃതവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ തൂവാലകള്‍ വിതരണം ചെയ്യും. പൊതുസ്ഥലങ്ങളില്‍ തുപ്പരുതെന്നും മൂത്രമൊഴിക്കരുതെന്നും മാലിന്യങ്ങള്‍ വലിച്ചെറിയെരുതെന്നും അഭ്യര്‍ത്ഥിക്കുന്ന ലഘുലേഖകള്‍ തദവസരത്തില്‍ വിതരണം ചെയ്യും.

മറ്റു വിദ്യാലയങ്ങളില്‍ ശുചിത്വപാലനത്തെക്കുറിച്ചുള്ള ബോധവത്കരണവും വിദ്യാര്‍ത്ഥികള്‍ക്കു ശുചിത്വാചരണത്തിനായി തൂവാലകളും വിതരണം ചെയ്യും.

പ്ലാസ്റ്റിക്ക് സൃഷ്ടിക്കുന്ന മാലിന്യപ്രശ്‌നം കേരളീയസമൂഹം ഇന്നും വേണ്ടത്ര ഗൗരവത്തില്‍ എടുത്തിട്ടില്ല എന്നതിന്‍റെ തെളിവാണു് പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും ഏറിവരുന്ന പ്ലാസ്റ്റിക്ക് കൂമ്പാരങ്ങള്‍! ഇതിനെ സംസ്‌കരിക്കാന്‍ വേണ്ടത്ര സംവിധാനങ്ങള്‍ നമുക്കില്ലതാനും. പ്ലാസ്റ്റിക്ക് ഉയര്‍ത്തുന്ന പാരിസ്ഥിതികപ്രശ്‌നങ്ങളില്‍നിന്നും നമ്മുടെ ഭൂമിയെ രക്ഷിക്കുവാനുള്ള ഏകമാര്‍ഗ്ഗം പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം, പ്രത്യേകിച്ചു് പ്ലാസ്റ്റിക്ക് കവറുകളുടെ ഉപയോഗം കുറയ്ക്കുക എന്നതാണു്. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക്കിനെതിരെ പൊതുസമൂഹത്തെ ബോധവത്കരിക്കുന്നതിനായിരിക്കും ശുചിത്വദിനാചരണത്തിലൂടെ മുഖ്യമായും ലക്‍ഷ്യമാക്കുന്നതു്.