പ്രപഞ്ചപുത്രിയാം ഭാരതാംബ
നമ്മുടെ പുണ്യമാം പെറ്റമ്മ
നാനാതരത്തിലെ മക്കളെയെന്നും
മാറോടണച്ചിടും നല്ലമ്മ

അമ്മയ്ക്കു നാമെന്തു നല്‍കി?
ആ ധന്യ ജനനിയ്ക്കു നാമെന്തു നല്‍കി?
അമ്മതന്‍ നന്മകള്‍ എല്ലാമെടുത്തിട്ടു
തിന്മകള്‍ ഓരോന്നായ് നല്‍കി.

ആടയലങ്കാരമായ മരങ്ങളെ
വെട്ടി നിരത്തി വിവസ്ര്തയാക്കി
വെള്ളിയരഞ്ഞാണമാകും നദികളോ
ഓടയേക്കാള്‍ അശുദ്ധമാക്കി.
മാരകമാക്കും വിഷപ്പുക പരത്തി
ചുറ്റും ദുര്‍ഗന്ധത്തില്‍ ഇരുള്‍ പരത്തി
നന്മകള്‍ ഓരോന്നായ് പോക്കിടുന്നു
മനുഷ്യാ നീ ഇഞ്ചിഞ്ചായ് കൊന്നിടുന്നു.

മക്കളാം നമ്മുടെ വേണ്ടായ്മകള്‍ പേറി
പേശിതളരുന്ന ഭാരതാംബ
നാശം വിതച്ചു നിത്യനാശം കൊയ്തീടുന്ന
മക്കളെയോര്‍ത്ത് തളര്‍ന്നൊരമ്മ
ഈ കാഴ്ചകള്‍ കണ്ട് കരളു പിടഞ്ഞിട്ട്
നമ്മുടെ അമ്മ പറയുന്നു
പുണ്യം കവര്‍ന്നിടൂ ഭാരതാംബയ്ക്കു മേല്‍
മക്കളെ, കാര്‍ക്കിച്ചു തുപ്പിടല്ലെ
ഭാരതമാതാവിന്‍ പൊന്നുമക്കള്‍
നിങ്ങളീ അമ്മയെ തഴഞ്ഞിടല്ലെ.

അമ്മതന്‍ മൊഴികള്‍ കേള്‍ക്കൂ
ഭാരതാംബയെ പട്ടുടുപ്പിക്കൂ
അമ്മതന്‍ സ്വപ്നത്തിനൊപ്പം നടന്ന്
അമലഭാരതത്തിനായ് കൈകോര്‍ക്കൂ.

– നിഷ, എറണാകുളം