അമൃതപുരി 22/11/2010
അമലഭാരതം പദ്ധതിയുടെ ഭാഗമായി നാടിനെ മാലിന്യമുക്തമാക്കുക എന്ന ലക്‍ഷ്യം മുന്‍ നിര്‍ത്തി എല്ലാ മാസത്തിലെയും നാലാം ഞായറാഴ്ച ശുചിത്വദിനമായി ആചരിക്കുവാന്‍ മാതാ അമൃതാനന്ദമയീ മഠം തീരുമാനിച്ചു. എല്ലാവരും അന്നേ ദിവസം ഒരു മണിക്കൂര്‍ നേരമെങ്കിലും പരിസരശുചീകരണയജ്ഞത്തില്‍ പങ്കാളികളാവുക എന്നതാണു് ഈ പദ്ധതി യിലൂടെ ഉദ്ദേശിക്കുന്നതു്.

ഇതിന്‍റെ പ്രാരംഭഘട്ടമായി നവംബര്‍ 28, നാലാം ഞായറാഴ്ച ഒരു മണിക്കൂര്‍ നേരം കേരളത്തിലെ ഒരു ലക്ഷം കുടുംബങ്ങള്‍ അവരവരുടെ ഗൃഹപരിസരവും സമീപമുള്ള പൊതുവഴിയും വൃത്തിയാക്കും.
കൂടാതെ പൊതുജനപങ്കാളിത്തത്തോടുള്ള കൂട്ടായ്മകള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ പൊതുസ്ഥലങ്ങള്‍ മാലിന്യമുക്തമാക്കും. ജില്ലാ-താലൂക്ക് ആസ്ഥാനങ്ങള്‍ ശുചീകരിക്കുന്നതിനു് പ്രാമുഖ്യം നല്കും. ശുചീകരണവേളയില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ പുനഃസംസ്‌കരണകേന്ദ്രങ്ങളില്‍ എത്തിക്കാനുള്ള നടപടികളെടുക്കും. തുടര്‍ന്നു വരുന്ന മാസങ്ങളിലെ നാലാം ഞായറാഴ്ചകളില്‍ അമലഭാരതം സേവാകുടുംബങ്ങള്‍ സമീപവാസികളെക്കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടു് മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കുടുംബകൂട്ടായ്മകള്‍ സംഘടിപ്പിക്കും. വീടുകളില്‍നിന്നുള്ള മാലിന്യങ്ങള്‍ സംസ്‌കരിച്ചു്, വളമാക്കി അതുപയോഗിച്ചു പച്ചക്കറികൃഷി ചെയ്യുവാനുള്ള പരിശീലനം അമലഭാരതം പദ്ധതിയുടെ ഭാഗമായി ഇവര്‍ക്കു നല്കും.

ഫോര്‍ത്ത് സണ്‍ഡേ ക്ലീന്‍ സണ്‍ഡേ ദിനാചരണത്തിനു ജാതിമതരാഷ്ട്രീയഭേദമില്ലാതെ മുഴുവന്‍ കേരളീയജനതയുടെയും പങ്കാളിത്തമാണു പ്രതീക്ഷിക്കുന്നതു്. പ്രത്യേകിച്ചു വ്യാപാരിവ്യവസായി സമൂഹത്തിന്‍റെ സേവനവും സഹകരണവും മാലിന്യനിര്‍മ്മാര്‍ജ്ജന യജ്ഞത്തിനു് അത്യന്താപേക്ഷതിമാണു്. എല്ലാ മാസത്തിലെയും നാലാം ഞായറാഴ്ച കുറച്ചു മണിക്കൂറുകള്‍ എങ്കിലും സ്വന്തം വ്യാപാരസ്ഥാപനങ്ങള്‍ക്കു സമീപമുള്ള മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന സാമൂഹ്യസേവനത്തിനു് അതിന്‍റെ ഉടമസ്ഥരും പ്രവര്‍ത്തകരും തയ്യാറാകുമെന്ന പ്രതീക്ഷയാണു് ഇതിന്‍റെ സംഘാടകര്‍ക്കുള്ളതു്.

അമൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ അവരുടെ കുടുംബങ്ങള്‍ നാലാം ഞായറാഴ്ച പരിസരശുചീകരണയജ്ഞത്തില്‍ പങ്കാളികളാവും. മാതാ അമൃതാനന്ദമയീമംങ്ങളിലെ നാലാം ഞായറാഴ്ചകളിലെ ആദ്ധ്യാത്മിക അന്തര്‍യോഗങ്ങളുടെ ഭാഗമായി പൊതുവഴികളും സ്ഥലങ്ങളും ആശ്രമത്തിലെത്തുന്ന ഭക്തജനങ്ങള്‍ വൃത്തിയാക്കും. ആശ്രമാന്തേവാസികള്‍ ഈ സേവനകര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു നേതൃത്വം നല്കും.

നോട്ടീസ് ഡൗണ്‍ലോഡ് ചെയ്യൂ 4th-sunday-handbill